ആലപ്പുഴ: ദേശീയപാത 66ൽ പൂങ്കാവ് ജംഗ്ഷനിലെ അടിപ്പാത മാസങ്ങൾക്കു മുമ്പ് അടച്ചതോടെ ജനം ദുരിതത്തിലായതിനെത്തുടർന്ന് പൂങ്കാവ് പള്ളി കെഎൽസിഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഇന്നലെ പൂങ്കാവ് പള്ളി മൈതാനിയിൽനിന്നു പ്രതിഷേധപ്രകടനവുമായി കെഎൽസിഎയുടെ നേതൃത്വത്തിൽ എത്തിയ ജനം അടിപ്പാതയ്ക്കു സമീപം പ്രതിഷേധ ധർണ ആരംഭിച്ചു.
പൂങ്കാവ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ ധർണ ഉദ്ഘാടനം ചെയ്തു.
അസി. വികാരി ഫാ. ഫ്രാൻസിസ് ഡിറ്റോ, ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൻ ബർണാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസ വർഗീസ്, ജാസ്മിൻ ജാക്സൺ, മാരാരിക്കുളം പഞ്ചായത്തംഗങ്ങളായ പീറ്റർ ചുള്ളിക്കൽ, റീന ടോമി, പൂങ്കാവ് ഇടവക സെൻട്രൽ കമ്മിറ്റി കൺവീനർ ലിയോൺ കുരിശുപറമ്പിൽ, സെക്രട്ടറി ആന്റണി വലിയവീട് എന്നിവർ പ്രസംഗിച്ചു.
കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് ജോമോൻ, സെക്രട്ടറി ജോസുകുട്ടി ജോക്കി, എ.എൽ. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. അടിപ്പാത തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കെഎൽസിഎയുടെ നേതൃത്വത്തിൽ ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കെ.സി. വേണുഗോപാൽ എംപിക്ക് കഴിഞ്ഞദിവസം മെമ്മോറാണ്ടം നൽകിയിരുന്നു.
സമരത്തിനു പിന്നാലെ അടിപ്പാത തുറന്നുകൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഈ ഭാഗത്ത് സർവീസ് റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടായി റോഡ് ഗതാഗതം തടസപ്പെടുന്നത് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെഎൽസിഎ ആരോപിച്ചു. വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും കെഎൽസിഎ ദേശീയപാത അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.